Skip to content

ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപെട്ടുകൊണ്ട് പരമ്പര കൈവിട്ടിരിക്കുകയാണ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചത്. എന്നാൽ ഈ തോൽവിയിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ രണ്ടാം ഓവറിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പരിക്ക് പറ്റി രോഹിത് ശർമ്മ കളിക്കളത്തിൽ നിന്നും മടങ്ങിയിരുന്നു. പിന്നീട് ഇന്ത്യൻ ഇന്നിങ്സിൽ 43 ആം ഓവറിൽ ഒമ്പതാം നമ്പർ ബാറ്റ്സ്മാനായാണ് രോഹിത് ശർമ്മ ക്രീസിലെത്തിയത്. എന്നാൽ പിന്നീട് കണ്ടത് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നായിരുന്നു. പരിക്ക് വകവെയ്ക്കാതെ ബാറ്റ് വീശിയ ഹിറ്റ്മാൻ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചുവെങ്കിലും മുസ്താഫിസൂർ എറിഞ്ഞ 48 ആം ഓവർ മത്സരം ബംഗ്ലാദേശിൻ്റെ വരുതിയിലാക്കി.

18 പന്തിൽ 40 റൺസ് വേണമെന്നിരിക്കെ 48 ആം ഓവർ നേരിട്ട മൊഹമ്മദ് സിറാജിനെ ഒരു റൺ പോലും നേടുവാൻ മുസ്തഫിസൂർ അനുവദിച്ചില്ല. പക്ഷേ പരാജയം സമ്മതിക്കാൻ രോഹിത് ശർമ്മ തയ്യാറായിരുന്നില്ല. മഹ്മദുള്ള എറിഞ്ഞ തൊട്ടടുത്ത ഓവറിൽ 20 റൺസ് ഹിറ്റ്മാൻ അടിച്ചുകൂട്ടി. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ ആദ്യ അഞ്ച് പന്തിൽ 14 റൺസ് ഹിറ്റ്മാൻ നേടി. പക്ഷേ അവസാന പന്തിൽ മുസ്തഫിസുർ എറിഞ്ഞ യോർക്കറിന് മറുപടി നല്കുവാൻ ഹിറ്റ്മാന് സാധിച്ചില്ല.

28 പന്തിൽ പുറത്താകാതെ 5 സിക്സും 3 ഫോറും അടക്കം 51 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. 102 പന്തിൽ 82 റൺസ് നേടിയ ശ്രേയസ് അയ്യരും 56 പന്തിൽ 56 റൺസ് നേടിയ അക്ഷർ പട്ടേലും രോഹിത് ശർമ്മയ്ക്ക് ഇന്ത്യയ്ക്കായി മികവ് പുലർത്തി.