Skip to content

രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കേറ്റിട്ടും പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും അവസാന പന്തിൽ പരാജയം സമ്മതിക്കുകയായിരുന്നു

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 272 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടാനെ സാധിച്ചുള്ളൂ.

മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയെയും ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. നാലാമനായി എത്തിയ വാഷിങ്ടൺ സുന്ദറിനും കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കെ എൽ രാഹുലിനും ഇന്ത്യയ്ക്കായി മികവ് പുലർത്താനായില്ല. ഒരു ഘട്ടത്തിൽ 65 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ശ്രേയസ് അയ്യരും അക്ഷർ പട്ടേലുമാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്.

ശ്രേയസ് അയ്യർ 102 പന്തിൽ 82 റൺസ് നേടി പുറത്തായപ്പോൾ അക്ഷർ പട്ടേൽ 56 പന്തിൽ 56 റൺസ് നേടി. ഇരുവരും പുറത്തായി ഇന്ത്യ സമ്മർദ്ദത്തിലായതോടെയാണ് ഒമ്പതാമനായി പരിക്കേറ്റ രോഹിത് ശർമ്മയെത്തിയത്. വേദന സഹിച്ചും ക്രീസിൽ നിലയുറപ്പിച്ച രോഹിത് ശർമ്മ 28 പന്തിൽ 3 ഫോറും 5 സിക്‌സും അടക്കം 51 റൺസ് നേടി അവസാന പന്ത് വരെ പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സെഞ്ചുറി നേടിയ മെഹിദി ഹസൻ്റെ മികവിലാണ് മികച്ച സ്കോർ കുറിച്ചത്. 83 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 100 റൺസ് നേടി താരം പുറത്താകാതെ നിന്നു. 96 പന്തിൽ 7 ഫോർ അടക്കം 77 റൺസ് നേടിയ മഹ്മദുള്ളയും ബംഗ്ലാദേശിന് വേണ്ടി തിളങ്ങി.

ഒരു ഘട്ടത്തിൽ 69 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ബംഗ്ലാദേശ് മത്സരത്തിൽ തിരിച്ചെത്തിയത്. ഏഴാം വിക്കറ്റിൽ 148 റൺസ് മെഹദി ഹസനും മഹ്മദുള്ളയും കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്ക്, മൊഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.