Skip to content

കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുൻനിര. രോഹിത് ശർമ്മയ്ക്ക് പരിക്കായതിനാൽ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലിയ്ക്കും പതിവ് പോലെ ധവാനും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാനായില്ല. മറ്റൊരു നിരാശപെടുത്തുന്ന പ്രകടനത്തോടെ ഇന്ത്യൻ ടോപ്പ് ത്രീയുടെ പതനം ചൂണ്ടികാട്ടിയിരിക്കുകയാണ് ആരാധകർ.

2017 മുതൽ 2019 വരെ തകർപ്പൻ പ്രകടനമാണ് ടോപ്പ് ത്രീ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ഇക്കാലയളവിൽ രോഹിത് ശർമ്മ 18 സെഞ്ചുറി നേടിയപ്പോൾ കോഹ്ലി 17 സെഞ്ചുറിയും ശിഖാർ ധവാന് 8 സെഞ്ചുറിയും നേടിയിരുന്നു. മൂവരും ചേർന്ന് 43 സെഞ്ചുറിയാണ് ഇക്കാലയളവിൽ നേടിയത്. എന്നാൽ അതിന് ശേഷമാണ് ഇന്ത്യൻ ടോപ്പ് ത്രീയുടെ പതനം ആരംഭിച്ചത്.

2020 മുതൽ 2022 വരെ ഇന്ത്യൻ ടോപ്പ് ത്രീയിൽ നിന്നും ഒരേയൊരു സെഞ്ചുറി മാത്രമാണ് ഉണ്ടായത്. രോഹിത് ശർമ്മ മാത്രമാണ് ഇക്കാലയളവിൽ ഏകദിന സെഞ്ചുറി നേടിയത്.

സ്വന്തം രാജ്യത്ത് നടക്കുന്ന ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ഇന്ത്യൻ ടോപ്പ് ത്രീയുടെ പ്രകടനം വലിയ ആശങ്കയാണ് ടീമിൽ ഉയർത്തുന്നത്. മറ്റുള്ള യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പുറത്തിരിക്കേണ്ടി വരുമ്പോഴാണ് ഈ മോശം പ്രകടനം ഇന്ത്യൻ സീനിയർ താരങ്ങൾ തുടരുന്നത്.