Skip to content

മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മെഹിദി ഹസൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ പോലെ തകർച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 11 റൺസ് നേടുന്നതിനിടെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടമായി. ക്യാപ്റ്റൻ ലിറ്റൺ ദാസ് 7 റൺസും ഷാക്കിബ് അൽ ഹസൻ 8 റൺസും മുഷ്ഫിഖുർ റഹിം 12 റൺസും നേടി പുറത്തായി. ഒരു ഘട്ടത്തിൽ 69 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തിൽ ബംഗ്ലാദേശ് തിരിച്ചെത്തിയത്.

ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന മെഹിദി ഹസനും മഹ്മദുള്ളയും 148 റൺസ് ബംഗ്ലാദേശിനായി കൂട്ടിച്ചേർത്തു. മഹ്മദുള്ള 96 പന്തിൽ 7 ഫോർ ഉൾപ്പെടെ 77 റൺസ് നേടി പുറത്തായപ്പോൾ മെഹിദി ഹസൻ 83 പന്തിൽ 8 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 100 റൺസ് നേടി. മത്സരത്തിലെ അവസാന പന്തിലാണ് താരം തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ് പത്തോവറിൽ 73 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഉമ്രാൻ മാലിക്ക് പത്തോവറിൽ 58 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.