Skip to content

ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലാബുഷെയ്ൻ, ബാബർ അസമിനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും. പെർത്തിൽ നടന്ന ടെസ്റ്റിൽ ഇരുവരും ഡബിൾ സെഞ്ചുറി നേടിയിരുന്നു.

പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 104 റൺസും നേടിയിരുന്നു. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ജോ റൂട്ടിനെ പിന്നിലാക്കി താരം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മറുഭാഗത്ത് ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 200 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 20 റൺസും നേടിയ സ്റ്റീവ് സ്മിത്ത് ബാബർ അസം, ജോ റൂട്ട് എന്നിവരെ പിന്നിലാക്കികൊണ്ട് രണ്ടാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജോ റൂട്ട് റാങ്കിങിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് റാങ്കിങിൽ അഞ്ചാം സ്ഥാനത്തുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒമ്പതാം സ്ഥാനത്തും വിരാട് കോഹ്ലി പതിനൊന്നാം സ്ഥാനത്തുമാണുള്ളത്.

ബൗളർമാരുടെ റാങ്കിങിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജേയിംസ് ആൻഡേഴ്സൺ രണ്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി മൂന്നാം സ്ഥാനത്തെത്തി. രവിചന്ദ്രൻ അശ്വിനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്.