Skip to content

പിന്തുണയ്ക്ക് നന്ദി, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ഫാൻസ് ഗ്രൂപ്പുമായി അർജൻ്റീനക്കാർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ബംഗ്ലാദേശിൻ്റെ വിജയം ആഘോഷിച്ച് അർജൻ്റീന ആരാധകരും. ആദ്യം ഞെട്ടൽ തോന്നുമെങ്കിലും രാജ്യത്തിൻ്റെ അതിർവരമ്പുകൾക്ക് സ്പോർട്സിൽ സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായി ഒരു കൂട്ടം അർജൻ്റീന ആരാധകരുടെ ഈ പ്രവൃത്തി.

വലിയ പിന്തുണയാണ് ഫിഫ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ബംഗ്ലാദേശിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിലെ ആരാധകരുടെ പിന്തുണ അർജൻ്റീന മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ പിന്തുണയ്ക്ക് നന്ദിയായി ബംഗ്ലാദേശ് മുന്നിട്ട് നിൽക്കുന്ന സ്പോർട്സായ ക്രിക്കറ്റിൽ തങ്ങളുടെ പിൻതുണ നൽകുവാൻ ചില അർജൻ്റീന ആരാധകർ തീരുമാനിച്ചത്.

ഇതിന് വേണ്ടി ഫേസ്ബുക്കിൽ ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു. തുടക്കത്തിൽ വളരെ കുറച്ചാളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പിന്നാലെ ഗ്രൂപ്പിൽ ആളുകളുടെ എണ്ണം വർധിക്കുകയും ഇക്കാര്യം അർജൻ്റീനൻ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഇതിന് പിന്നാലെ ബംഗ്ലാദേശ് ആരാധകരും ഗ്രൂപ്പിലെത്തുകയും ചെയ്തു. നിലവിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഗ്രൂപ്പിനുണ്ട്. ക്രിക്കറ്റിലെ നിയമങ്ങൾ പരിചിതമല്ലാത്തതിനാൽ തന്നെ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പിലെ അർജൻ്റീനക്കാർ.

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ നേടിയ വിജയത്തിന് പുറകെ ബംഗ്ലാദേശിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി വീഡിയോ സന്ദേശങ്ങളും ഗ്രൂപ്പിൽ അർജൻ്റീന ആരാധകർ പങ്കുവെച്ചു.

ക്രിക്കറ്റിൽ രസകരമായ ചരിത്രം അർജൻ്റീനയ്ക്കുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ 1868 ൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അർജൻ്റീന കളിച്ചിരുന്നു. 1912 ൽ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അർജൻ്റീനയിൽ ആരംഭിച്ചിരുന്നു. ശക്തരായ ഇംഗ്ലണ്ടിനെ രണ്ട് തവണ അർജൻ്റീന പരാജയപെടുത്തുകയും ചെയ്തിരുന്നു.