Skip to content

ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിയോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ധാക്കയിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏകദിനത്തിൽ നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്.

മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശിനെതിരെ ഏകദിനത്തിലും ടി20 യിലും പരാജയപെട്ട ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന മോശം റെക്കോർഡ് രോഹിത് ശർമ്മയെ തേടിയെത്തി. ഇതിന് മുൻപ് 2019 ൽ ബംഗ്ലാദേശിനോട് പരാജയപെട്ട ടി20 മത്സരത്തിൽ ഇന്ത്യയെ നയിച്ചിരുന്നത് രോഹിത് ശർമ്മയായിരുന്നു.

മോശം ബാറ്റിങാണ് തോൽവിയ്ക്ക് കാരണമെന്ന് രോഹിത് ശർമ്മ പ്രതികരിച്ചിരുന്നു. 186 റൺസെന്നത് വിജയിക്കാൻ പര്യാപ്‌തമായിരുന്നില്ലെന്നും പക്ഷേ ആദ്യ 40 ഓവറുകളിൽ നന്നായി പന്തെറിയാൻ ബൗളർമാർക്ക് സധിച്ചുവെന്നും 30 റൺസ് അധികമായി നേടിയിരുന്നെങ്കിൽ മത്സരത്തിൽ വിജയിക്കാമായിരുന്നുവെന്നും രോഹിത് ശർമ്മ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 70 പന്തിൽ 73 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമാണ് തിളങ്ങിയത്. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസനാണ് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങിൽ ഇന്ത്യ വരുത്തിയ പിഴവുകൾ ബംഗ്ലാദേശും ആവർത്തിച്ചുവെങ്കിലും മെഹെദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിൽ ആതിഥേയർ വിജയം പിടിച്ചെടുക്കുകായിരുന്നു.