Skip to content

നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്. ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്.

ഇതിന് മുൻപ് 2015 ലാണ് ബംഗ്ലാദേശ് അവസാനമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ചത്. അതിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഇന്ത്യയായിരുന്നു വിജയിച്ചത്. ഒടുവിൽ മെഹിദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിൽ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ബംഗ്ലാദേശിൻ്റെ ആറാം വിജയം കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിലാണ് ബംഗ്ലാദേശ് മറികടന്ന്. ഒരു ഘട്ടത്തിൽ 136 റൺസിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ബംഗ്ലാദേശ് മത്സരത്തിൽ വിജയം പിടിച്ചെടുത്തത്. പത്താം വിക്കറ്റിൽ മെഹിദി ഹസനും മുസ്തഫിസൂർ റഹിമും 51 റൺസ് കൂട്ടിച്ചേർത്തു.

മെഹിദി ഹസൻ 39 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയപ്പോൾ മുസ്തഫിസുർ റഹിം 11 പന്തിൽ 10 റൺസ് നേടി.

നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തികൊണ്ട് മികച്ച പ്രകടനം ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ദീപക് ചഹാർ സൃഷ്ടിച്ച രണ്ട് അവസരങ്ങൾ കെ എൽ രാഹുലും വാഷിങ്ടൺ സുന്ദറും പാഴാക്കി.