Skip to content

സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ യൂ ടേൺ, ഹാർദിക്ക് പാണ്ഡ്യ സ്ഥിര ക്യാപ്റ്റനായേക്കും

സ്പ്ലിറ്റ് ക്യാപ്റ്റൻസിയ്ക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ നൽകാനൊരുങ്ങി ബിസിസിഐ. മറ്റു ടീമുകൾ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിലൂടെ മികവ് തുടരുമ്പോൾ എല്ലായ്പ്പോഴും ബിസിസിഐ സ്പ്ലിറ്റ് ക്യാപ്റ്റൻസിയോട് താൽപ്പര്യം കാണിച്ചില്ല. വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തു ബിസിസിഐ മാറ്റിയത് സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയ്ക്ക് യോജിക്കില്ലെന്ന പേര് പറഞ്ഞായിരുന്നു.

എന്നാലിപ്പോൾ ആ കടുംപിടുത്തത്തിൽ ബിസിസിഐ മാറ്റം വരുത്തുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്പ്ലിറ്റ് ക്യാപ്റ്റൻസിയ്ക്ക് ബിസിസിഐ അംഗീകാരം നൽകികഴിഞ്ഞു. ഇതോടെ ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരുകയും ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യ ടി20 ടീമിൻ്റെ മുഴുനീള ക്യാപ്റ്റനാവുകയും ചെയ്യും.

ഇനി വരുന്ന വർഷങ്ങളിൽ ഇന്ത്യൻ ടീമിൽ മൂന്ന് ഫോർമാറ്റുകളിൽ മൂന്ന് ക്യാപ്റ്റന്മാരെ കണ്ടാലും അതിൽ അത്ഭുതപെടേണ്ടെന്നാണ് വിദഗ്ദർ ചൂണ്ടികാട്ടുന്നത്. രോഹിത് ശർമ്മ വിരമിക്കുന്നതോടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകുവാൻ കൂടുതൽ സാധ്യത കൽപ്പിക്കപെടുന്നത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായിരിക്കും. മറുഭാഗത്ത് ജോലിഭാരം കണക്കിലെടുക്കുമ്പോൾ ഹാർദിക്കിനെ ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കെ എൽ രാഹുലായിരിക്കും ഒരുപക്ഷേ ഏകദിന ടീമിൻ്റെ അടുത്ത നായകൻ.

ലോകകപ്പിലെ പുറത്താകലിന് പുറകെ ചേതൻ ശർമ്മ നേതൃത്വം നൽകിയ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മത്സരിക്കും.