Skip to content

ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയ്‌ക്ക് 6 റൺസ് അകലെ 94 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 14000 റൺസ് സ്റ്റീവ് സ്മിത്ത് പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാനാണ് സ്റ്റീവ് സ്മിത്ത്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ 14000 റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് സ്റ്റീവ് സ്മിത്ത്. 328 ഇന്നിങ്സിൽ നിന്നുമാണ് സ്റ്റീവ് സ്മിത്ത് 14000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 309 ഇന്നിങ്സിൽ നിന്നും 14000 റൺസ് പൂർത്തിയാക്കിയ ഹാഷിം അംലയും സർ വിവിയൻ റിച്ചാർഡ്സുമാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 313 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പൂർത്തിയാക്കിയ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മാത്യു ഹെയ്ഡൻ (319 ഇന്നിങ്സ്), ജോ റൂട്ട് (327 ഇന്നിംഗ്സ്) എന്നിവരാണ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.

2020 ന് ശേഷം ഏകദിന ക്രിക്കറ്റിൽ 19 ഇന്നിങ്സിൽ നിന്നും 67.87 ശരാശരിയിൽ 1086 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്. 4 സെഞ്ചുറിയും 6 ഫിഫ്റ്റിയും ഇക്കാലയളവിൽ സ്മിത്ത് നേടി.