Skip to content

ദ്രാവിഡിനെ വിമർശിച്ച രവിശാസ്ത്രിക്ക് ചുട്ടമറുപടിയുമായി അശ്വിൻ

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് ഇടവേള എടുത്തതിനെ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വിവിഎസ് ലക്ഷ്മൺ, ഹൃഷികേശ് കനിത്കർ, സായിരാജ് ബഹുതുലെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യ ന്യുസിലൻഡിലേക്ക് പോയിരിക്കുന്നത്.  ഡിസംബർ 4ന് ഏകദിന, ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യ ബംഗ്ലാദേശിലേക്ക് പര്യടനം നടത്തുമ്പോൾ ദ്രാവിഡ് തന്റെ പരിശീലക ചുമതലയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

“ഞാൻ ഇടവേളകളിൽ വിശ്വസിക്കുന്നില്ല,” ഒരു  പത്രസമ്മേളനത്തിൽ ശാസ്ത്രി പറഞ്ഞു.  “കാരണം എനിക്ക് എന്റെ ടീമിനെ മനസ്സിലാക്കണം, എനിക്ക് എന്റെ കളിക്കാരെ മനസ്സിലാക്കണം, എനിക്ക് ആ ടീമിന്റെ നിയന്ത്രണം വേണം. സത്യം പറഞ്ഞാൽ നിങ്ങൾക്ക് ഇത്രയധികം ഇടവേളകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? ഐപിഎൽ സമയത്ത് നിങ്ങൾക്ക് 2-3 മാസം ഇടവേള ലഭിക്കും. നിങ്ങൾക്ക് പരിശീലകനായി വിശ്രമിക്കാൻ ഇത് മതിയാകും. എന്നാൽ മറ്റ് സമയങ്ങളിൽ, ഒരു പരിശീലകൻ ആരായാലും ടീമിനൊപ്പം ഉണ്ടായിരിക്കണം. ” രവിശാസ്ത്രി കൂട്ടിച്ചേർത്തു.

ദ്രാവിഡിന് പിന്തുണയുമായി രംഗത്തെത്തിയ അശ്വിൻ,
രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ എന്നിവരെപ്പോലുള്ള കളിക്കാർക്ക് മാത്രമല്ല, ടി20 ലോകകപ്പിന് ശേഷം സപ്പോർട്ട് സ്റ്റാഫിനും ഒരു ഇടവേള ആവശ്യമായി വന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണ് ലക്ഷ്മൺ തികച്ചും വ്യത്യസ്തമായ ഒരു ടീമുമായി അവിടെ പോയതെന്ന് ഞാൻ വിശദീകരിക്കാം,   ടി20 ലോകകപ്പിന് മുന്നോടിയായി രാഹുൽ ദ്രാവിഡും സംഘവും വിപുലമായ കഠിനാധ്വാനം നടത്തി, ആസൂത്രണത്തിൽ മുതൽ തന്നെ, ഇത് ഞാൻ അടുത്ത് നിന്ന് കണ്ടതിനാൽ പറയുന്നത്.

“ഓരോ വേദിക്കും ഓരോ എതിർ ടീമിനെതിരെയും അവർക്ക് കൃത്യമായ ആഴത്തിലുള്ള പദ്ധതികൾ ഉണ്ടായിരുന്നു.  അതിനാൽ അവർ മാനസികമായി മാത്രമല്ല ശാരീരികമായും തളർന്നിരിക്കുകയാണ്, എല്ലാവർക്കും വിശ്രമം ആവശ്യമായിരുന്നു.  ന്യൂസിലൻഡ് പരമ്പര അവസാനിച്ചാലുടൻ ബംഗ്ലാദേശ് പര്യടനമുണ്ട്.  അതുകൊണ്ടാണ് ഈ പര്യടനത്തിനായി ലക്ഷ്മണന്റെ നേതൃത്വത്തിൽ വ്യത്യസ്‌തമായ കോച്ചിംഗ് സ്റ്റാഫുള്ളത്” അശ്വിൻ പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടി20 ടീമിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്.  വെല്ലിംഗ്ടണിൽ നടന്ന ആദ്യ മത്സരം കനത്ത മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.  രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗംഗനുയിയിൽ നടക്കും.