Skip to content

അവൻ മികച്ച ക്യാപ്റ്റനാണ് പക്ഷേ !! ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ഇർഫാൻ പത്താൻ

ഐസിസി ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പുറകെ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരും മുൻ താരങ്ങളും അഭിപ്രായപെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ.

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത ഹാർദിക് പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷം ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

” ക്യാപ്റ്റനെ മാറ്റിയാൽ റിസൾട്ട് മാറുമെന്ന് ഞാൻ കരുതുന്നില്ല. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ നമ്മൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. അവനൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറാണ്. പരിക്കിൻ്റെ പ്രശ്നങ്ങളും അവനുണ്ട്. ലോകകപ്പിന് തൊട്ടുമുൻപ് നിങ്ങളുടെ ക്യാപ്റ്റന് പരിക്ക് പറ്റിയാൽ എന്ത് സംഭവിക്കും. നിങ്ങൾക്ക് മറ്റൊരു ലീഡറില്ലെങ്കിൽ അത് കുഴപ്പമാകില്ലേ ”

” ഐ പി എൽ വിജയിച്ച ഹാർദിക് പാണ്ഡ്യ ഒരു മികച്ച നേതാവ് തന്നെയാണ് അക്കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ മുൻപോട്ട് പോകുമ്പോൾ ഒന്നല്ല ഒന്നിൽ കൂടുതൽ നേതാക്കന്മാർ നമുക്ക് വേണം. ഓപ്പണർമാരെ കുറിച്ച് സംസാരിക്കുന്ന പോലെ ഒരു കൂട്ടം ഓപ്പണർമാരെ നമുക്ക് ആവശ്യമാണ് അതുപോലെ ഒരു കൂട്ടം ക്യാപ്റ്റന്മാരാവാൻ പോന്നവരെയും നമുക്ക് ആവശ്യമുണ്ട്. ” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.