Skip to content

മുൻഗണന രാജ്യത്തിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഓസ്ട്രേലിയയുടെ സ്റ്റാർ പേസർമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസൺ താരലേലം അടുത്ത മാസം നടക്കാനിരിക്കെ സീസണിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ സീനിയർ പേസർമാർ. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സീനിയർ താരം മിച്ചൽ സ്റ്റാർക്കുമാണ് ഐ പി എല്ലിൽ നിന്നും പിന്മാറിയത്.

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് പാറ്റ് കമ്മിൻസ് കളിച്ചിരുന്നത്. മറുഭാഗത്ത് 2015 ലാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. കോടികൾ തേടിയെത്തുമെങ്കിലും ഇക്കുറിയും ലേലത്തിൽ പേര് വെയ്ക്കാൻ സ്റ്റാർക്ക് തയ്യാറല്ല. ഐ പി എൽ കൂടാതെ ബിഗ് ബാഷ് ലീഗിലും കളിക്കാനില്ലെന്ന് സ്റ്റാർക്ക് വ്യക്തമാക്കിയിരുന്നു.

അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ചുനടക്കുന്ന ആഷസ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇരുവരും ഐ പി എല്ലിൽ നിന്നും പിന്മാറിയത്.

7.25 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ കമ്മിൻസിനെ കെ കെ ആർ സ്വന്തമാക്കിയത്. കമ്മിൻസ് പിന്മാറിയതോടെ ഈ തുക ലേലത്തിൽ ചിലവഴിക്കാൻ ടീമിന് സാധിക്കും. ഇതിനിടെ കമ്മിൻസിനെ അഭാവം പരിഹരിക്കാൻ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ട്രേഡ് വിൻഡോ വഴി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരുന്നു. ഇതിനൊപ്പം ഡൽഹി ക്യാപിറ്റൽസിൽ നിന്നും ഷാർദുൽ താക്കൂറിനെയും ഗുജറാത്ത് ടൈറ്റൻസിൽ നിന്നും അഫ്ഗാൻ വിക്കറ്റ് കീപ്പർ ഗർബാസിനെയും കെ കെ ആർ ടീമിലെത്തിച്ചു.

കമ്മിൻസിനെ കൂടാതെ മറ്റൊരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും അടുത്ത സീസണിൽ നിന്നും പിൻമാറി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സാണ് റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐ പി എല്ലിൽ നിന്നും പിന്മാറിയത്.