Skip to content

ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം ആരാധകരുമായി പങ്കുവെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20 ലോകകപ്പ് ഫൈനലിനിടെയാണ് ഷഹീൻ അഫ്രീദിയ്‌ക്ക് പരിക്ക് പറ്റിയത്.

നേരത്തെ ഷഹീൻ അഫ്രീദി കളിക്കളത്തിൽ മൂന്നോ നാലോ മാസത്തേക്ക് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രാഥമിക സ്‌കാനിൽ പരിക്കിൻ്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വിവരം. പാകിസ്ഥാനിൽ തിരിച്ചെത്തിയ ശേഷം കാൽമുട്ട് ശക്തിപെടുത്തുന്നതിൻ്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന റീഹാബിലിറ്റേഷന് താരം വിധേയമാകുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. .

ഇതിനിടെ ഷഹീൻ അഫ്രീദിയെ തിടുക്കപ്പെട്ട് തിരിച്ചെത്തിച്ചതിൽ പാകിസ്ഥാനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇനിയും താരത്തിൻ്റെ കാര്യത്തിൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ അത് ഷഹീൻ അഫ്രീദിയുടെ കരിയറിനെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും സിംബാബ്‌വെയ്ക്കെതിരെയും തിളങ്ങാൻ സാധിക്കാതിരുന്ന ഷഹീൻ പിന്നീടുള്ള മത്സരങ്ങളിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സൗത്താഫ്രിക്കയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയ താരം ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റും ന്യൂസിലൻഡിനെതിരെ രണ്ട് വിക്കറ്റും നേടിയിരുന്നു. ഫൈനലിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ താരത്തിന് ഫീൽഡിങിനിടെയാണ് പരിക്ക് പറ്റിയത്. തുടർന്ന് പതിനാറാം ഓവർ എറിയാനെത്തിയ താരത്തിന് ഓവർ പൂർത്തികരിക്കുവാൻ സാധിച്ചില്ല.