Skip to content

അവനെ ഇന്ത്യൻ ടീമിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് വീരേന്ദർ സെവാഗ്

വെടിക്കെട്ട് ഓപ്പണർ പൃഥ്വി ഷായെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. പൃഥ്വി ഷായുടെ സ്ട്രൈക്ക് റേറ്റിന് അനുകൂലമാണെന്നും സെവാഗ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇനി നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിലോ ബംഗ്ലാദേശ് പര്യടനത്തിലോ പൃഥ്വി ഷായ്‌ക്ക് ബിസിസിഐ അവസരം നൽകിയിരുന്നില്ല. പക്ഷേ അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ ടി20 ടീമിൽ താരത്തിന് അവസരം ലഭിച്ചേക്കുമെന്ന് സെവാഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

” ഇന്ത്യൻ ടീമിൽ പൃഥ്വി ഷായെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ടി20 ടീമിലോ ഏകദിന ടീമിലോ ഇല്ല. പക്ഷേ ഇനി 2023 ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നു. അതുകൊണ്ട് തന്നെ അവൻ തിരിച്ചെത്തിയേക്കാം. അവൻ ടോപ്പ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്. അവൻ്റെ സ്ട്രൈക്ക് റേറ്റാകട്ടെ 150 ന് അടുത്താണ്. അത് ടി20 ക്രിക്കറ്റിന് യോജിച്ചതാണ്. ” സെവാഗ് പറഞ്ഞു.

2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 2023 ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിൽ തിരിച്ചെത്താനാകും താരം ശ്രമിക്കുക. കഴിഞ്ഞ ഐ പി എൽ സീസണിൽ 10 മത്സരങ്ങളിൽ നിന്നും 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 283 റൺസ് ഷാ നേടിയിരുന്നു. കഴിഞ്ഞ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 10 ഇന്നിങ്സിൽ നിന്നും 181.42 സ്ട്രൈക്ക് റേറ്റിൽ 332 റൺസ് പൃഥ്വി ഷാ അടിച്ചുകൂട്ടിയിരുന്നു.