Skip to content

ഡൽഹി ക്യാപിറ്റൽസിൽ നിന്നും ഇന്ത്യൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ 2023 സീസൺ താരലേലത്തിന് മുൻപേ ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂറിനെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

ക്യാഷ് ഡീലിലൂടെയാണ് ഷാർദുൽ താക്കൂറിനെ കെ കെ ആർ ടീമിലെത്തിച്ചിരിക്കുന്നത്. ട്രേഡ് വഴി ലേലത്തിന് മുൻപേ കെ കെ ആർ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് ഷാർദുൽ താക്കൂർ. നേരത്തെ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനെയും അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ഗർബാസിനെയും ഗുജറാത്ത് ടൈറ്റൻസിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു.

10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ മെഗാ താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ഷാർദുൽ താക്കൂറിനെ സ്വന്തമാക്കിയിരുന്നത്. ട്രേഡ് വിൻഡോ വഴി ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും ഗുജറാത്ത് ടൈറ്റൻസും ശ്രമിച്ചുവെങ്കിലും ഒടുവിൽ കെ കെ ആർ താരത്തെ സ്വന്തമാക്കുകയായിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിരുന്നപ്പോൾ കാഴ്ച്ചവെച്ച മികവ് ഡൽഹിയ്‌ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. 14 മത്സരങ്ങളിൽ നിന്നും 9 ന് മുകളിൽ ഇക്കോണമിയിൽ 15 വിക്കറ്റ് നേടാനെ താരത്തിന് സാധിച്ചുള്ളൂ.