Skip to content

ആറ് ഇന്നിങ്സിൽ നിന്നും അഞ്ച് സെഞ്ചുറി, വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനം തുടർന്ന് റിതുരാജ് ഗയ്ക്ക്വാദ്

വിജയ് ഹസാരെ ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിയുമായി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി ഗയ്ക്ക്വാദ് കുറിച്ചത്.

വിജയ് ഹസാരെ ട്രോഫിയിലെ തൻ്റെ അവസാന ആറ് ഇന്നിങ്സിലെ അഞ്ചാം സെഞ്ചുറിയാണ് മത്സരത്തിൽ താരം കുറിച്ചത്. 219 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് വേണ്ടി 123 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെടെ പുറത്താകാതെ 124 റൺസ് താരം നേടി. രാഹുൽ ത്രിപാതി 80 പന്തിൽ 75 റൺസ് നേടി മികച്ച പിന്തുണ റിതുരാജ് ഗയ്ക്ക്വാദിന് നൽകി.

ഇരുവരുടെയും മികവിൽ മത്സരത്തിൽ മഹാരാഷ്ട്ര 7 വിക്കറ്റിന് വിജയിച്ചു. കഴിഞ്ഞ സീസണിൽ 5 ഇന്നിങ്സിൽ നിന്നും 150.75 ശരാശരിയിൽ 603 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദായിരുന്നു സീസണിലെ ടോപ്പ് സ്കോറർ. നാല് സെഞ്ചുറി കഴിഞ്ഞ സീസണിൽ താരം നേടിയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ 68 മത്സരങ്ങളിൽ നിന്നും 55.52 ശരാശരിയിൽ 12 സെഞ്ചുറിയും 16 ഫിഫ്റ്റിയുമടക്കം 3498 റൺസ് റിതുരാജ് ഗയ്ക്ക്വാദ് നേടിയിട്ടുണ്ട്.