Skip to content

ഫൈനൽ പോരാട്ടത്തിൽ ആവേശവിജയം, ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ബട്ട്ലറുടെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 49 പന്തിൽ 52 റൺസ് നേടിയ ബെൻ സ്റ്റോക്സിൻ്റെ കരുതലോടെയുള്ള ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 17 പന്തിൽ 26 റൺസ് നേടിയപ്പോൾ മൊയിൻ അലി 13 പന്തിൽ 19 റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിൻ്റെ രണ്ടാമത്തെ ഐസിസി ടി20 ലോകകപ്പ് കിരീടമാണിത്. ഇതിന് മുൻപ് 2010 ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തികൊണ്ട് ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. ഇതാദ്യമായാണ് ഒരേ സമയം ഏകദിന ലോകകപ്പ് ചാമ്പ്യന്മാരും ടി20 ലോകകപ്പ് ചാമ്പ്യന്മാരുമാകുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി.

28 പന്തിൽ 38 റൺസ് നേടിയ ഷാൻ മസൂദും 28 പന്തിൽ 32 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 14 പന്തിൽ 20 റൺസ് നേടിയ ഷദാബ് ഖാനും പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.