Skip to content

ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ നേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നെതർലൻഡ്സിനെതിരായ സൂപ്പർ 12 പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ പിന്നിലാക്കികൊണ്ട് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തിൽ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചുവെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ 39 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 53 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ നേടിയ മൂന്ന് സിക്സോടെ ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

34 സിക്സ് ഇതുവരെ ലോകകപ്പിൽ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 33 സിക്സ് നേടിയിട്ടുള്ള മുൻ ഇന്ത്യൻ യുവരാജ് സിങിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് ഇന്ത്യ നേടി. 44 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ വിരാട് കോഹ്ലിയും 25 പന്തിൽ പുറത്താകാതെ 51 റൺസും നേടി തകർത്തടിച്ച സൂര്യകുമാർ യാദവുമാണ് രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.