Skip to content

ഇത് നിൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്, വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കിങ് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മത്സരത്തിൽ നാല് വിക്കറ്റിൻ്റെ ആവേശവിജയം ഇന്ത്യ നേടിയത്.

160 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ 31 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച്കൊണ്ട് കോഹ്ലി രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ചാം വിക്കറ്റിൽ 113 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. പാണ്ഡ്യ ബൗണ്ടറി കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ കിങ് കോഹ്ലി തന്നെ ആ ജോലി ഏറ്റെടുക്കുകയും ഒടുവിൽ ഇന്ത്യയ്ക്ക് ആവേശവിജയം സമ്മാനിക്കുകയും ചെയ്തു. ഇത് കോഹ്ലിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടമാണെന്നാണ് സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചിരിക്കുന്നത്.

” നിസംശയം പറയാം ഇത് നിൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ്. നിൻ്റെ ബാറ്റിങ് കാണുന്നത് ആനന്ദകരമാണ്. പത്തൊമ്പതാം ഓവറിൽ റൗഫിനെതിരെ ബാക്ക് ഫൂട്ടിൽ നേടിയ സിക്സ് ഗംഭീരമായിരുന്നു. ” സച്ചിൻ ടെണ്ടുൽക്കർ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് കിങ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. 6 ഫോറും 4 സിക്സും കോഹ്ലി മത്സരത്തിൽ നേടി.