Skip to content

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഐസിസി ടി20 ലോകകപ്പിലെ രോഹിത് ശർമ്മയുടെ 34 ആം മത്സരമാണിത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 33 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. 31 മത്സരങ്ങൾ കളിച്ചിട്ടുള്ള യുവരാജ് സിങാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

രോഹിത് ശർമ്മയുടെ എട്ടാമത്തെ ടി20 ലോകകപ്പാണിത്. 2007 ലെ പ്രഥമ ടി20 ലോകകപ്പ് മുതൽ എല്ലാ ടി20 ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഒരേയൊരു താരം കൂടിയാണ് ഹിറ്റ്മാൻ.

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടവും ഹിറ്റ്മാൻ സ്വന്തമാക്കി. 2007 മുതൽ 2016 വരെയുള്ള ടി20 ലോകകപ്പുകളിൽ എം എസ് ധോണി ഇന്ത്യയെ നയിച്ചപ്പോൾ കഴിഞ്ഞ ലോകകപ്പിൽ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ.