Skip to content

മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ നമീബിയയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് യു എ ഇ സ്വന്തമാക്കിയത് ചരിത്രവിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 7 റൺസിൻ്റെ ആവേശവിജയമാണ് യു എ ഇ കുറിച്ചത്.

ഐസിസി ടൂർണമെൻ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് മത്സരത്തിൽ യു എ ഇ കുറിച്ചത്. മത്സരത്തിൽ യു എ ഇ ഉയർത്തിയ 149 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് നിശ്ചിത 20 ഓവറിൽ 141 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഇതിന് മുൻപ് ഐസിസി ടി20 ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും യു എ ഇ പരാജയപെട്ടിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് അവസാന ഓവർ പോരാടിയെങ്കിലും മൂന്ന് വിക്കറ്റിന് യു എ ഇ പരാജയപെട്ടിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 79 റൺസിൻ്റെ ദയനീയ പരാജയം യു എ ഇ ഏറ്റുവാങ്ങി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എ ഇ 41 പന്തിൽ 50 റൺസ് നേടിയ മുഹമ്മദ് വസീം, 29 പന്തിൽ 43 റൺസ് നേടിയ റിസ്വാൻ, 14 പന്തിൽ 25 റൺസ് നേടിയ ബേസിൽ ഹമീദ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ നമീബിയക്ക് വേണ്ടി ഫിഫ്റ്റി നേടിയ ഡേവിഡ് വീസെ മാത്രമാണ് തിളങ്ങിയത്.