Skip to content

കേരളത്തിൻ്റെ പിള്ളേർ ഡബിൾ സ്ട്രോങ്, ഹരിയാനെ തകർത്ത് കുറിച്ചത് തുടർച്ചയായ മൂന്നാം വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് കേരളം. ഹരിയാനയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് കേരളം നേടിയത്.

മത്സരത്തിൽ ഹരിയാന ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. മുൻനിര പരാജയപെട്ടപ്പോൾ അബ്ദുൽ ബാസിതിൻ്റെ വെടിക്കെട്ട് ഇന്നിങ്സാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 15 പന്തിൽ പുറത്താകാതെ 3 ഫോറും ഒരു സിക്സും അടക്കം 27 റൺസ് താരം നേടി.

വിഷ്ണു വിനോദ് 25 റൺസും റോഹൻ കുന്നുമ്മേൽ 26 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സഞ്ജുവിന് മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. 3 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മൊഹമ്മദ് അസറുദ്ദീൻ 13 റൺസ് നേടി റണ്ണൗട്ടായി. ഒരു ഘട്ടത്തിൽ 106 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട് പരാജയത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് കേരളം ശക്തമായി തിരിച്ചെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 25 പന്തിൽ 39 റൺസ് നേടിയ ജയന്ത് യാദവ്, 30 റൺസ് നേടിയ സുമിൽ കുമാർ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കേരളത്തിന് വേണ്ടി ബൗൾ ചെയ്ത ആറ് ബൗളർമാരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഒക്ടോബർ 16 ന് സർവീസസിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഗ്രൂപ്പ് സിയിൽ 12 പോയിൻ്റോടെ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.