Skip to content

ബിസിസിഐയിൽ നിന്നും ഗാംഗുലിയ്ക്ക് ദയനീയ പടിയിറക്കം, ഐസിസി ചെയർമാൻ മോഹങ്ങൾക്കും തിരിച്ചടി

ബിസിസിഐ യിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയ്ക്ക് ദയനീയ പടിയറക്കം. ബിസിസിഐ പ്രസിഡൻ്റായി തുടരാനുള്ള പിന്തുണ മറ്റു അംഗങ്ങളിൽ നിന്നും സൗരവ് ഗാംഗുലിയ്ക്ക് ലഭിച്ചില്ല. അതിനിടയിൽ ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ തുടരും.

കർണാടക സ്റ്റേറ്റ് അസോസിയേഷൻ പ്രസിഡൻ്റായിരുന്ന റോജർ ബിന്നിയായിരിക്കും അടുത്ത ബിസിസിഐ പ്രസിഡൻറ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗാംഗുലിയുടെ മോഹങ്ങളെ ബിസിസിഐ മുളയിലേ നുള്ളിയെന്നും റിപ്പോർട്ടുകളുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലി മത്സരിച്ചാലും ബിസിസിഐ മുൻ ഇന്ത്യൻ ക്യാപ്റ്റനെ പിന്തുണച്ചേക്കില്ല.

ഐ പി എൽ ചെയർമാൻ സ്ഥാനം ബിസിസിഐ സൗരവ് ഗാംഗുലിയ്ക്ക് വാഗ്ദാനം ചെയ്തുവെങ്കിലും മുൻ ഇന്ത്യൻ നായകൻ അത് നിരസിച്ചു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്ടറായി ഗാംഗുലി തിരിച്ചെത്തിയേക്കും. 2019 ൽ ടീമിൻ്റെ ഉപദേശകരിൽ ഒരാളായി എത്തിയ ഗാംഗുലി റിക്കി പോണ്ടിങിനൊപ്പം പ്രവർത്തിച്ചിരുന്നു.

അതിനിടെ മുൻ ഇന്ത്യൻ വിരാട് കോഹ്ലിയോട് ബിസിസിഐ ചെയ്തതെന്താണോ അതാണിപ്പോൾ ഗാംഗുലിയോടും ബിസിസിഐ ചെയ്യുന്നതെന്നാണ് ആരാധകർ ചൂണ്ടികാട്ടുന്നത്. അന്ന് ഇതിനെല്ലാം പിന്തുണ കൊടുത്ത ഗാംഗുലിയെ ഇപ്പോൾ ബിസിസിഐ തന്നെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.