Skip to content

മികവ് പുലർത്തി ബൗളർമാർ, മൂന്നാം ഏകദിനത്തിലെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അനായാസ വിജയം കുറിച്ച് ഇന്ത്യ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ 100 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ പന്തിൽ 57 പന്തിൽ 49 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 28 റൺസും സഞ്ജു സാംസൺ രണ്ട് റൺസും നേടി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ശിഖാർ ധവാൻ 8 റൺസ് നേടി പുറത്തായപ്പോൾ, കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷൻ 10 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്ക് 99 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 34 റൺസ് നേടിയ ക്ലാസൻ മാത്രമാണ് അൽപ്പ്മെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്ലാസൻ അടക്കം മൂന്ന് സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കുവാൻ സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 4.1 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. 2018 ന് ശേഷമുള്ള താരത്തിൻ്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, മൊഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്ക 9 റൺസിന് വിജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ 7 വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.