Skip to content

റൺസ് നേടിയിട്ടും കഠിന പ്രയത്നം ചെയ്തിട്ടും അവസരം ലഭിക്കുന്നില്ല, ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് യുവതാരം

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ ഇടം നേടുവാൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. മുതിർന്ന താരങ്ങളുടെ അഭാവത്തിലും ഈ വർഷം നടന്ന ഒരു പരമ്പരയിൽ പോലും പൃഥ്വി ഷായ്ക്ക് ബിസിസിഐ അവസരം നൽകിയിരുന്നില്ല മറുഭാഗത്ത് ആഭ്യന്തര ടൂർണമെൻ്റുകളിലെ ടോപ്പ് സ്കോറർ പട്ടികയിൽ എല്ലായ്പ്പോഴും മുൻനിരയിൽ പൃഥ്വി ഷായുണ്ട്.

റൺസോ ഫോമോ അല്ല താരത്തിൻ്റെ ഫിറ്റ്നസ് തന്നെയാണ് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് തടസമായി നിൽക്കുന്നത്. കൂടാതെ ഓപ്പണർമാരുടെ ബാഹുല്യം തന്നെ ഇന്ത്യൻ ടീമിനുണ്ട്. അവസരങ്ങൾ ലഭിക്കാത്തതിൽ തൻ്റെ നിരാശ പരസ്യമായി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ യുവതാരം.

” ഞാൻ നിരാശനാണ്. ഞാൻ റൺസ് സ്കോർ ചെയ്യുന്നു, കഠിന പ്രയത്നം ചെയ്യുന്നു. പക്ഷേ അവസരങ്ങൾ എനിക്ക് ലഭിക്കുന്നില്ല. “

” പക്ഷേ അതിൽ പരിഭവമില്ല. ഞാൻ തയ്യാറാണെന്ന് സെലക്ടർമാർ കരുതുമ്പോൾ അവരെന്നെ കളിപ്പിക്കും. അവസരങ്ങൾ എന്തുതന്നെ ലഭിച്ചാലും അത് ഇന്ത്യ എ യ്ക്ക് വേണ്ടിയോ മറ്റ് ടീമുകൾക്ക് വേണ്ടിയോ ആയികൊള്ളട്ടെ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി കാഴ്ച്ചവെയ്ക്കും. എൻ്റെ ഫിറ്റ്നസ് ലെവൽ മികച്ചതാണെന്ന് ഞാൻ ഉറപ്പുവരുത്തും. ” പൃഥ്വി ഷാ പറഞ്ഞു.

” എൻ്റെ ബാറ്റിങിൽ ഞാൻ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പക്ഷേ ഫിറ്റ്നസിനായി ഞാൻ കഠിനപ്രയത്നം ചെയ്യുന്നു. ശരീരം ഭാരം കുറയ്ക്കാൻ ഞാൻ പരിശ്രമിച്ചു. ഐ പി എല്ലിന് ശേഷം ഏഴ് മുതൽ എട്ട് കിലോ വരെ ഞാൻ കുറച്ചു. ജിമ്മിൽ ധാരാളം സമയം ചിലവഴിച്ചു. ധാരാളം ഓടി. മധുരപലഹാരങ്ങളും മറ്റും ഉപേക്ഷിച്ചു. ചൈനീസ് ഫുഡ് ഇപ്പോൾ എൻ്റെ മെനുവിൽ പോലുമില്ല. ” പ്രിഥ്വി ഷാ കൂട്ടിച്ചേർത്തു.