Skip to content

അവസാന ഓവറിൽ നാല് സിക്സ് നേടി ഫിനിഷ് ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, രണ്ട് ഷോട്ടുകൾ, തൻ്റെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ തൻ്റെ മികച്ച പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസൺ. ഇന്ത്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും അവസാന ഓവർ വരെ വിജയത്തിനായി സഞ്ജു പോരാടിയിരുന്നു. അവസാന ഓവറിൽ മാക്സിമം റൺസ് നേടി വിജയിക്കുകയായിരുന്നു തൻ്റെ ലക്ഷ്യമെന്ന് സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു.

” ക്രീസിൽ സമയം ചിലവഴിക്കാൻ സാധിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. ടീമിനെ വിജയത്തിലെത്തിക്കാൻ വേണ്ടിയാണ് എല്ലായ്പോഴും കളിക്കുന്നത്. രണ്ട് ഷോട്ടുകൾ കണക്ട് ചെയ്യുവാൻ എനിക്ക് സാധിച്ചില്ല. പക്ഷേ അടുത്ത തവണ ഞാൻ കൂടുതൽ നന്നായി പരിശ്രമിക്കും. അവരുടെ ബൗളർമാർ നന്നായി എറിഞ്ഞു, ഷംസി മാത്രമായിരുന്നു ഇന്ന് എക്സ്പെൻസീവായത്. ”

” അവനായിരിക്കും അവസാന ഓവർ എറിയുകയെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവസാന ഓവറിൽ 24 റൺസ് വേണമെങ്കിൽ നാല് സിക്സ് നേടാൻ എനിക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. മത്സരം അവസാന നിമിഷത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു എൻ്റെ പ്ലാൻ. അതിനനുസരിച്ച് മറ്റുള്ളവർ കളിക്കുകയും ചെയ്തു. ” സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു.

63 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 86 റൺസ് സഞ്ജു സാംസൺ നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 7 ഇന്നിങ്സിൽ നിന്നും 65.5 ശരാശരിയിൽ 110.55 സ്ട്രൈക്ക് റേറ്റിൽ 262 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.