Skip to content

തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ് പന്തിനെയും പിന്നിലാക്കിയിരിക്കുകയാണ് സഞ്ജു.

മത്സരത്തിൽ 49 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സഞ്ജു 63 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 86 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിൻ്റെ രണ്ടാമത്തെ ഫിഫ്റ്റിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്.

2002 ൽ ഡർബനിൽ 77 റൺസ് നേടിയിട്ടുള്ള രാഹുൽ ദ്രാവിഡ്, ഈ വർഷം തുടക്കത്തിൽ 85 റൺസ് നേടിയ റിഷഭ് പന്ത് എന്നിവരെയാണ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ സഞ്ജു പിന്നിലാക്കിയത്. 2015 ൽ ഇൻഡോറിൽ നടന്ന മത്സരത്തിൽ 86 പന്തിൽ 92 റൺസ് നേടിയ എം എസ് ധോണിയാണ് ഈ നേട്ടത്തിൽ സഞ്ജുവിന് മുൻപിലുള്ളത്.

മത്സരത്തിൽ 40 ഓവറിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിനെ കൂടാതെ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യരും 33 റൺസ് നേടിയ ഷാർദുൽ താക്കൂറും മാത്രമാണ് തിളങ്ങിയത്.

മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. ഒക്ടോബർ ഒമ്പതിന് റാഞ്ചിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.