Skip to content

അന്ന് പാകിസ്ഥാൻ ചെയ്തത് ഇക്കുറി ഇന്ത്യയ്ക്കും ചെയ്യാനാകും, ബുംറയുടെ അഭാവത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവം തിരിച്ചടിയാകുമെങ്കിലും ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. 1992 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ചെയ്തത് ഇക്കുറി ആവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അജയ് ജഡേജ പറഞ്ഞു.

ബാക്ക് ഇഞ്ചുറിയെ തുടർന്നാണ് ജസ്പ്രീത് ബുംറ ലോകകപ്പിൽ നിന്നും പുറത്തായത്. സമാനമായി 1992 ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പിന് മുൻപായി അന്നത്തെ സ്റ്റാർ പേസറായിരുന്നു വഖാർ യൂനിസ് പരിക്കിനെ. തുടർന്ന് പാകിസ്ഥാൻ ടീമിൽ നിന്നും പുറത്തായിരുന്നു. എന്നാൽ വഖാർ യൂനിസിൻ്റെ അഭാവത്തിലും ലോകകപ്പ് നേടുവാൻ പാകിസ്ഥാന് സാധിച്ചു.

” ഈയടുത്ത് വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അവനില്ലാതെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. അങ്ങനെ നോക്കിയാൽ അവൻ്റെ അഭാവം ഇന്ത്യയ്ക്ക് അത്രയധികം തിരിച്ചടിയാകില്ല. തീർച്ചയായും ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയില്ല. അവൻ സ്പെഷ്യൽ പ്ലേയറാണ്, അവൻ്റെ സാന്നിധ്യം തീർച്ചയായും മിസ്സ് ചെയ്യും. “

” ചെറുപ്പക്കാർക്ക് ഒരു പ്രതീക്ഷ നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. 30 വർഷങ്ങൾക്ക് മുൻപ് 1992 ൽ ഓസ്ട്രേലിയയിൽ മറ്റൊരു ലോകകപ്പ് നടന്നിരുന്നു. ലോകകപ്പ് വിജയിച്ച ടീമിന് സമാനമായ കാര്യം സംഭവിച്ചിരുന്നു. ആ കാലഘട്ടത്തിൽ വഖാർ യൂനിസ് എന്നൊരു മനുഷ്യൻ ബുംറയെ പോലെ ആ ഫോർമാറ്റിലെ മികച്ച ബൗളറായിരുന്നു. ലോകകപ്പിന് തൊട്ടുമുൻപ് പരിക്ക് മൂലം അവന് ലോകകപ്പ് നഷ്ടമായി. ” അജയ് ജഡേജ പറഞ്ഞു.

” പക്ഷേ ആ ടൂർണമെൻ്റിൻ്റെ അവസാനം കിരീടം നേടിയത് പാകിസ്ഥാനായിരുന്നു. അവർ അന്ന് ചെയ്തത് ഇക്കുറി ഇന്ത്യയും ആവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അന്ന് അത് ചെയ്തത് നമ്മുടെ അയൽക്കാരായിരുന്നു. ഇക്കുറി അത് നമ്മളായേക്കാം. ” അജയ് ജഡേജ കൂട്ടിച്ചേർത്തു.