Skip to content

ഏഷ്യ കപ്പിൽ നാണംകെട്ട് പാകിസ്ഥാൻ, ചരിത്രവിജയം കുറിച്ച് തായ്‌ലൻഡ്

ഏഷ്യ കപ്പ് ടി20 യിൽ പാകിസ്ഥാനെതിരെ തകർപ്പൻ വിജയം കുറിച്ച് തായ്‌ലൻഡ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായാണ് തായ്‌ലൻഡ് പാകിസ്ഥാനെ പരാജയപെടുത്തുന്നത്. ടൂർണമെൻ്റിലെ പാകിസ്ഥാൻ്റെ ആദ്യ തോൽവി കൂടിയാണിത്.

മത്സരത്തിൽ പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ 116 റൺസിൽ ചുരുക്കികെട്ടിയ തായ്‌ലൻഡ് 117 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 51 പന്തിൽ 61 റൺസ് നേടിയ നാതകൻ ചാൻതമാണ് തായ്‌ലൻഡിന് ചരിത്രവിജയം സമ്മാനിച്ചത്.

ഇതിനുമുൻപ് 2020 ൽ നടന്ന ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടമായിരുന്നു പാകിസ്ഥാനെതിരെ തായ്‌ലൻഡ് കാഴ്ച്ചവെച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് വില്ലനായി മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഐസിസി ടി20 റാങ്കിങിൽ പതിമൂന്നാം സ്ഥാനത്താണ് തായ്‌ലൻഡ് വനിതകളുള്ളത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശ് മലേഷ്യയെ 88 റൺസിന് പരാജയപ്പെടുത്തി. നാളെ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യ പാകിസ്ഥാനെയും തായ്‌ലൻഡ് യു എ ഇയെയും നേരിടും. നിലവിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയത്തോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.