Skip to content

മില്ലറിൻ്റെ സെഞ്ചുറിയും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 16 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്വന്തം നാട്ടിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പരയാണിത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 221 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി തകർപ്പൻ പ്രകടനം ഡേവിഡ് മില്ലർ കാഴ്ച്ചവെച്ചെങ്കിലും മികച്ച പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. ഡീകോക്ക് 69 റൺസ് നേടിയെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റ് പുലർത്താൻ സാധിച്ചില്ല.

47 പന്തിൽ 8 ഫോറും 7 സിക്സും അടക്കം പുറത്താകാതെ 106 റൺസ് ഡേവിഡ് മില്ലർ മത്സരത്തിൽ അടിച്ചുകൂട്ടി. വെറും 46 പന്തിൽ നിന്നാണ് കില്ലർ മില്ലർ സെഞ്ചുറി പൂർത്തിയാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 96 റൺസ് ഇരുവരും കൂട്ടിചേർത്തു. രോഹിത് ശർമ്മ 37 പന്തിൽ 43 റൺസ് നേടി പുറത്തായപ്പോൾ 24 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ 28 പന്തിൽ 57 റൺസ് നേടി പുറത്തായി.

പിന്നാലെ വന്ന കോഹ്ലിയും സൂര്യകുമാർ യാദവും തകർപ്പൻ പ്രകടനം തുടർന്നതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച സൂര്യകുമാർ യാദവ് 18 പന്തിൽ നിന്നാണ് ഫിഫ്റ്റി പൂർത്തിയാക്കിയത്. 22 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. വിരാട് കോഹ്ലി 28 പന്തിൽ 49 റൺസും ദിനേശ് കാർത്തിക് 7 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ഒക്ടോബർ നാലിനാണ് പരമ്പരയിലെ അവസാന മത്സരം.