Skip to content

എന്തുകൊണ്ടാണ് ചാർലി ഡീനിനെ ചോദ്യം ചെയ്യാത്തത്, ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രവിചന്ദ്രൻ അശ്വിൻ

സെപ്റ്റംബർ 24 ന് നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മൂന്നാം ഏകദിനത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയ സംഭവം ക്രിക്കറ്റ് ലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ദീപ്തി ശർമ്മയ്ക്കെതിരെയും ഇന്ത്യൻ ടീമിനെതിരെയും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ദീപ്തി ശർമ്മയെ വിമർശിച്ചവർക്കെതിരെ ആഞ്ഞടിച്ച അശ്വിൻ ഇംഗ്ലണ്ട് എല്ലായ്പ്പോഴും വിക്ടിം കാർഡ് കളിക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചു.

” തുടക്കത്തിൽ ലോകം മുഴുവൻ അതിനെതിരായിരുന്നു, എന്നാലിപ്പോൾ ബൗളർമാർ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ആളുകൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. കുറ്റക്കാരോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം നിരപരാധികളോട് എന്തിനാണ് ചോദ്യം ചോദിക്കുന്നതെന്ന് പലരും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതൊരു പ്രത്യേക വിഭാഗത്തിൻ്റെ പ്രശ്നം മാത്രമാണ്. ”

” എൻ്റെ അഭിപ്രായത്തിൽ അവർ എപ്പോഴും വിക്ടിം കാർഡ് കളിക്കുകയാണ്. ക്രിക്കറ്റ് കൂടുതൽ മത്സരാതിഷ്ഠിതമാകുമ്പോൾ ക്രീസിൽ തന്നെ നിൽക്കേണ്ടത് നോൺ സ്ട്രൈക്കറുടെ കടമയാണ്. ആരും ചാർലി ഡീനിനോട് നീയെന്തിനാണ് ക്രീസ് വിട്ടതെന്ന് ചോദിക്കുന്നില്ല. ”

” അതുകൊണ്ട് തന്നെ ദീപ്തി ശർമ്മയേക്കാൾ ഞാൻ അഭിനന്ദിക്കുന്നത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയാണ്. കാരണം പ്ലേയറെ പിന്തുണയ്ക്കുന്ന ഒരു ക്യാപ്റ്റൻ വളരെ പ്രധാനമാണ്. ദീപ്തി ശർമ്മ ചെയ്തതിൽ തെറ്റ് എന്താണെന്ന് അവൾ ചോദ്യം ചെയ്തു. കാണികളുടെ കൂവൽ കാരണം ഹർമൻപ്രീത് കൗർ അപ്പീൽ പിൻവലിച്ചിരുന്നുവെങ്കിൽ അത് ദീപ്തി ശർമ്മയ്ക്കും ഇന്ത്യൻ ടീമിനും വലിയ കളങ്കം തന്നെ ആയേനെ. ” അശ്വിൻ പറഞ്ഞു.