Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ജയത്തോടെ ആ റെക്കോർഡിൽ ധോണിയെ മറികടന്ന് രോഹിത്

കാര്യവട്ടത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫീൽഡിങ് തിരഞ്ഞെടുക്കാമെന്ന രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. 2 ഓവർ പിന്നിട്ടപ്പോൾ തന്നെ സൗത്താഫ്രിക്കയുടെ 4 വിക്കറ്റ് നഷ്ട്ടമായിരുന്നു.

പവർ പ്ലേ അവസാനിച്ചപ്പോൾ 5ന് 30 റൺസ് എന്ന ദയനീയമായ നിലയിലായിരുന്നു സന്ദർശകർ. മധ്യനിരയിൽ പാർണലും (37 പന്തിൽ 24) കേശവ് മഹാരാജും (35 പന്തിൽ 41) നടത്തിയ പ്രകടനമാണ് സൗത്താഫ്രികയെ കടുത്ത നാണക്കേടിൽ നിന്ന് കാരകയറ്റിയത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിതിനെയും കോഹ്ലിയെയും നഷ്ട്ടപ്പെട്ടെങ്കിലും രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ജാഗ്രതയോടെ നീങ്ങിയതോടെ 20 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. രാഹുൽ 56 പന്തിൽ 51 റൺസും സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസും നേടി.

ക്യാപ്റ്റനായി രോഹിതിന്റെ 2022ലെ 16ആം ജയമാണിത്. ടി20യിൽ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും കൂടുതൽ വിജയമാണിത്. ഇത്രയും നാൾ ഈ റെക്കോർഡ് ധോണിയുടെ പേരിലായിരുന്നു. 2016ൽ ക്യാപ്റ്റനായി ധോണി 15 വിജയങ്ങൾ നേടിയിട്ടുണ്ട്.

ടി20യിൽ ക്യാപ്റ്റനായി രോഹിത് ഇതുവരെ 43 മത്സരങ്ങളിൽ നിന്ന് 34 ജയം നേടിയിട്ടുണ്ട്.  ഈ വർഷം രോഹിതിന്റെ കീഴിൽ ഇന്ത്യ 23 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒക്ടോബറിൽ ടി20 ലോകകപ്പും വരാനിരിക്കുന്നതിനാൽ ഈ റെക്കോർഡിൽ രോഹിതിന് ഇനിയും ജയങ്ങൾ കൂട്ടിച്ചേർക്കാം.