Skip to content

സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ 33 പന്തിൽ നിന്നും സൂര്യ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിൽ 3 സിക്സും താരം പറത്തി. ഇതോടെ അന്താരാഷ്ട്ര ടി20 യിലെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

മത്സരത്തിൽ നേടിയ മൂന്ന് സിക്സോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് സൂര്യകുമാർ യാദവ് കുറിച്ചു.

മത്സരത്തിലെ മൂന്ന് സിക്സ് അടക്കം ഈ വർഷം 45 സിക്സ് സൂര്യകുമാർ യാദവ് ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 42 സിക്സ് നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെയാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്. 26 ഇന്നിങ്സിൽ നിന്നാണ് കഴിഞ്ഞ വർഷം 42 സിക്സ് റിസ്വാൻ നേടിയത്. എന്നാൽ റിസ്വാനെ പിന്നിലാക്കുവാൻ 21 ഇന്നിങ്സ് മാത്രമാണ് സൂര്യകുമാർ യാദവിന് വേണ്ടിവന്നത്.

മത്സരത്തിലെ പ്രകടനത്തോടെ ഈ വർഷം അന്താരാഷ്ട്ര ടി20 യിൽ 700 റൺസും താരം പൂർത്തിയാക്കി. ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന നേട്ടത്തിൽ 2018 ൽ 689 റൺസ് നേടിയ ധവാനെ സൂര്യകുമാർ യാദവ് പിന്നിലാക്കി. ഈ വർഷം ഇതിനോടകം 732 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.