Skip to content

തകർത്തടിച്ച് സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും, ഫിനിഷ് ചെയ്ത് പാണ്ഡ്യ, മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് പരമ്പര നേടി ഇന്ത്യ

സൂര്യകുമാർ യാദവിൻ്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 36 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 69 റൺസ് നേടി തകർത്തടിച്ച സൂര്യകുമാർ യാദവും 48 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 62 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്ക് വേണ്ടി ഡാനിയേൽ സാംസ് രണ്ട് വിക്കറ്റും ഹേസൽവുഡ്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 21 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 52 റൺസ് നേടിയ കാമറോൺ ഗ്രീൻ, 27 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 54 റൺസ് നേടിയ ടിം ഡേവിഡ് 20 പന്തിൽ 28 റൺസ് നേടിയ ഡാനിയേൽ സാംസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ നാലോവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റും യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി മികവ് പുലർത്തി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.