Skip to content

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ പാകിസ്ഥാനെ മറികടന്നുകൊണ്ട് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ മറികടന്നാണ് ഇന്ത്യ മത്സരത്തിൽ ആവേശവിജയം കുറിച്ചത്.

ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന 21 ആം വിജയമാണിത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വിജയം നേടുന്ന ടീമെന്ന ചരിത്രനേട്ടം രോഹിത് ശർമ്മയും കൂട്ടരും കുറിച്ചു. 2018 ൽ 20 വിജയം നേടിയ പാകിസ്ഥാനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ റെക്കോർഡ് ഇന്ത്യൻ ടീം നേടിയത്.

36 പന്തിൽ 5 ഫോറും 5 സിക്സുമടക്കം 69 റൺസ് നേടിയ സൂര്യകുമാർ യാദവും 48 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 63 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ 104 റൺസ് ഇരുവരും കൂട്ടിചേർത്തിരുന്നു. ഹാർദിക് പാണ്ഡ്യ 16 പന്തിൽ പുറത്താകാതെ 25 റൺസ് നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 21 പന്തിൽ 52 റൺസ് നേടിയ ഓപ്പണർ കാമറോൺ ഗ്രീൻ, 27 പന്തിൽ 54 റൺസ് നേടിയ ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.