Skip to content

തുടർച്ചയായ 2 സിക്സുകൾ, സാംപയെ അക്ഷമനാക്കി സൂര്യകുമാറിന്റെ തകർപ്പൻ വെടിക്കെട്ട് – വീഡിയോ

മൊഹാലിയിൽ വെച്ച് നടക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേ അവസാനിക്കും മുമ്പേ 2 വിക്കറ്റ് നഷ്ട്ടപ്പെട്ടിരുന്നു. മൂന്നാം ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് (9 പന്തിൽ 11) ആദ്യം നഷ്ട്ടപ്പെട്ടത്. പിന്നാലെ മൂന്നാമനായി ക്രീസിൽ എത്തിയ കോഹ്ലി
ഇത്തവണ നിരാശപ്പെടുത്തി. 7 പന്തിൽ 2 റൺസ് നേടി പുറത്താവുകയായിരുന്നു. നഥാൻ എല്ലിസിന്റെ ഡെലിവറിയിൽ ഗ്രീന്റെ കൈകളിൽ അകപ്പെടുകയായിരുന്നു.

അവസാന മത്സരത്തിൽ  അഫ്ഗാനിസ്ഥാനെതിരെ  സെഞ്ചുറി നേടി തകർപ്പൻ ഫോമിലായിരുന്നു കോഹ്ലി. 35/2 ലേക്ക് വീണ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് 68 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തി മൂന്നക്കം കടത്തി. 12ആം ഓവറിലെ അഞ്ചാം പന്തിൽ 35 പന്തിൽ 55 റൺസ് നേടിയ രാഹുൽ പുറത്തായതോടെ കൂട്ടുകെട്ടിന് അവസാനമായി.

അധികം വൈകാതെ 25 പന്തിൽ 4 സിക്‌സും 2 ഫോറും ഉൾപ്പെടെ 46 റൺസ് നേടിയ സൂര്യകുമാർ യാദവും മടങ്ങി. ഗ്രീനിനായിരുന്നു വിക്കറ്റ്. 7 പന്തിൽ 13 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 4 പന്തിൽ 6 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ. 14.3 ഓവറിൽ ഇന്ത്യ 136 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിനിടെ 13ആം ഓവറിലെ അവസാന 2 പന്തിലും സാംപയ്ക്കെതിരെ സിക്സ് നേടി സൂര്യകുമാർ ആരാധകരെ ആവേശഭരിതമാക്കിയിരുന്നു. ഒപ്പം സൂര്യകുമാറിന്റെ അനായാസ സിക്സിൽ ബൗളർ രോഷാകുലനായി ആക്രോശിക്കുകയും ചെയ്തിരുന്നു.

https://twitter.com/Insidercricket1/status/1572239858554540033?t=K4a9sPMmTNnf34xCWRih3g&s=19

അതേസമയം പരിക്കിൽ നിന്ന് തിരിച്ചെത്തിയ പേസ് ബൗളർ ജസ്പ്രിത് ബുംറയെ ആദ്യ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം റിഷഭ് പന്തിനെയും ഒഴിവാക്കിയിട്ടുണ്ട്. അക്സർ പട്ടേലും ചാഹലുമാണ് പകരക്കാരായി എത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് പിന്നിൽ കാർത്തികാണ് ഉണ്ടാവുക. കോവിഡ് കാരണം ടീമിൽ നിന്ന് പുറത്തായ ഷമിക്ക് പകരം എത്തിയ ഉമേഷ് യാദവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടിം ഡേവിഡ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് അവസാനമായി ഓസ്‌ട്രേലിയയും ഇന്ത്യയും ടി20യിൽ ഏറ്റുമുട്ടിയത്. 2 മത്സരങ്ങൾ അടങ്ങിയ പരമ്പരയായിരുന്നു, ഇരു മത്സരത്തിലും ജയം നേടിയാണ് ഇന്ത്യ പരമ്പര നേടിയത്.