Skip to content

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിലും ഏകദിന റാങ്കിങിലും മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ടി20 പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്ന സ്മൃതി മന്ദാന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 91 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.

ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 55.50 ശരാശരിയിൽ 111 റൺസ് നേടിയ സ്മൃതി മന്ദാന ഐസിസി ടി20 റാങ്കിങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങ്, ന്യൂസിലൻഡ് ബാറ്റർ സോഫി ഡീവൈൻ എന്നിവരെയാണ് സ്മൃതി മന്ദാന പിന്നിലാക്കിയത്. ഓസ്ട്രേലിയൻ താരം ബെത് മൂണിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.

കൂടാതെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 91 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഏകദിന റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സ്മൃതി മന്ദാന ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നാല് സ്ഥാനങ്ങൾ മെച്ചപെടുത്തി ഒമ്പതാം സ്ഥാനത്തും യാസ്ഥിക ഭാട്ടിയ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37 ആം സ്ഥാനത്തുമെത്തി.

ടി20 പരമ്പരയിൽ 2-1 ന് പരാജയപെട്ട ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ സീനിയർ പേസർ ജുലൻ ഗോസ്വാമിയുടെ അവസാന സിരീസാണിത്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.