Skip to content

തുടർച്ചയായി മൂന്ന് സിക്സ്, മൊഹാലിയിൽ തകർത്തടിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തൻ്റെ ഏറ്റവും ഉയർന്ന സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. 25 പന്തിൽ നിന്നും ഫിഫ്റ്റി നേടി പാണ്ഡ്യ തകർത്തടിച്ചപ്പോൾ ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ സ്വന്തമാക്കി.

വെറും 25 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഹാർദിക് 30 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 71 റൺസ് അടിച്ചുകൂട്ടി. ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് ഇന്ത്യ നേടി. ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കൂടിയാണിത്.

മത്സരത്തിൽ കാമറോൺ ഗ്രീൻ എറിഞ്ഞ അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ തുടർച്ചയായി മൂന്ന് സിക്സ് പറത്തിയാണ് പാണ്ഡ്യ ഇന്ത്യൻ ഇന്നിങ്സ് ഫിനിഷ് ചെയ്തത്.

ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 35 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 55 റൺസ് നേടിയ കെ എൽ രാഹുലും 25 പന്തിൽ 46 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി മികവ് പുലർത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മ 11 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 2 റൺസ് നേടി പുറത്തായി.

ഓസ്ട്രേലിയക്ക് വേണ്ടി നതാൻ എല്ലിസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും നേടി.