Skip to content

തകർത്തടിച്ച് യൂസഫ് പത്താൻ, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ഇർഫാൻ പത്താനും കൂട്ടരും

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ മണിപ്പാൽ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ്. യൂസഫ് പത്താൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഭിൽവാര കിങ്സ് വിജയം കുറിച്ചത്.

മത്സരത്തിൽ മണിപ്പാൽ ടൈഗേഴ്സ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. 28 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 44 റൺസ് നേടിയ യൂസഫ് പത്താനാണ് ഭിൽവാര കിങ്സിൻ്റെ ടോപ്പ് സ്കോറർ. ഇർഫാൻ പത്താൻ 13 പന്തിൽ 15 റൺസ് നേടി പുറത്തായി. 19 ആം ഓവറിൽ യൂസഫ് പത്താൻ പുറത്തായെങ്കിലും 7 പന്തിൽ 15 റൺസ് നേടിയ ടിനോ ബെസ്റ്റ് ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹർഭജൻ സിങ് നയിക്കുന്ന മണിപ്പാൽ ടൈഗേഴ്സ് 59 പന്തിൽ 73 റൺസ് നേടിയ മൊഹമ്മദ് കൈഫിൻ്റെ മികച്ച ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. 19 പന്തിൽ 30 റൺസ് നേടിയ പ്രദീപ് സാഹുവാണ് കൈഫിനെ കൂടാതെ മത്സരത്തിൽ മികവ് പുലർത്തിയത്.

ഭിൽവാര കിങ്സിന് വേണ്ടി ഫിഡൽ എഡ്വാർഡ്സ് നാല് വിക്കറ്റും ക്യാപ്റ്റൻ ഇർഫാൻ പത്താൻ, പനേസർ, ശ്രീശാന്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നാളെ വീരെന്ദർ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സും ഹർഭജൻ്റെ മണിപ്പാൽ ടൈഗേഴ്സും ഏറ്റുമുട്ടും.