Skip to content

മികവ് പുലർത്തി സ്മൃതി മന്ദാന, പിന്തുണ നൽകി ഹർമൻപ്രീതും യാസ്തികയും, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയുടെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 228 റൺസിൻ്റെ വിജയലക്ഷ്യം 44.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഷഫാലി വർമ്മയെ നഷ്ടപെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ യാസ്തിക ഭാട്ടിയക്കൊപ്പം 96 റൺസ് കൂട്ടിച്ചേർത്ത് സ്മൃതി മന്ദാന ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു.

യാസ്ടിക 47 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടി പുറത്തായപ്പോൾ സ്മൃതി മന്ദാന സെഞ്ചുറിയ്‌ക്ക് 9 റൺസ് അകലെ 99 പന്തിൽ 91 റൺസ് നേടി പുറത്തായി. 10 ഫോറും ഒരു സിക്സും സ്മൃതി മന്ദാന നേടി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 94 പന്തിൽ 74 റൺസും ഹർലീൻ ഡിയോൾ 6 റൺസും നേടി പുറത്തായി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇംഗ്ലണ്ട് 61 പന്തിൽ 50 റൺസ് നേടിയ ഡേവിഡ്സൻ റിച്ചാർഡ്സ്, 50 പന്തിൽ 43 റൺസ് നേടിയ ഡാനിയേൽ വൈറ്റ് എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഗോസ്വാമി, മേഘ്ന സിങ്, രാജേശ്വരി ഗയ്ക്ക്വാദ്, സ്നേ റാണ, ഹർലീൻ ഡിയോൾ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.