Skip to content

അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാർണറിനെയോ പരിഗണിക്കരുതെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ. ആരോൺ ഫിഞ്ച് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസിയിലെ ആജീവനാന്ത വിലക്ക് അടക്കം പിൻവലിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ ചർച്ചകൾ നടത്തവേയാണ് മിച്ചൽ ജോൺസൺ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് ഓസ്ട്രേലിയ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കുകയും ഒപ്പം ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തത്. രണ്ട് വർഷത്തേക്ക് താരത്തെ ക്യാപ്റ്റൻസിയിൽ നിന്നും ബാൻ ചെയ്യുകയും ചെയ്തു. മറുഭാഗത്ത് ഒരു വർഷത്തേക്കുള്ള വിലക്കിനൊപ്പം ക്യാപ്റ്റൻസിയിൽ നിന്നും ആജീവനാന്ത വിലക്ക് ഡേവിഡ് വാർണർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപെടുത്തി.

” പാറ്റ് കമ്മിൻസിന് മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാകുവാൻ സാധിക്കില്ല. അതവൻ്റെ ജോലിഭാരം വളരെയേറെ വർധിപ്പിക്കും. പിന്നെ ആർക്കാണ് ക്യാപ്റ്റനാകുവാൻ സാധിക്കുകയെന്ന് ഞാൻ പരിശോധിച്ചു. ”

” ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ പേര് സെലക്ടർമാരുടെ മനസ്സിലുണ്ടാകാം. ഭാവിയിലേക്ക് നോക്കിയാൽ കാമറോൺ ഗ്രീൻ നല്ലൊരു ഓപ്ഷൻ തന്നെയാണ്. പക്ഷേ ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ അവന് ഇപ്പോൾ തന്നെ ജോലിഭാരമുണ്ട്. പിന്നെയുള്ളത് ട്രാവിസ് ഹേഡാണ് പക്ഷേ അവൻ ടീമിൽ കൂടുതൽ സ്ഥിരത പുലർത്തേണ്ടതുണ്ട്. ” മിച്ചൽ ജോൺസൺ പറഞ്ഞു.

” പക്ഷേ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്മാരാകുവാൻ പാടില്ല. അവർ ഉപദേശകരാകുന്നതിൽ തെറ്റില്ല, അതിപ്പോൾ അവർ ചെയ്യുന്നുമുണ്ട്. അവരെ വീണ്ടും നേതൃത്വനിരയിലേക്ക് കൊണ്ടുവരേണ്ടതില്ല. അത് വിവാദങ്ങൾ വീണ്ടും തലപൊക്കുന്നതിന് കാരണമാകും. അത് മാത്രമല്ല അവർ കരിയറിലെ അവസാന ഘട്ടത്തിലുമാണ്. അത് കൊണ്ട് കൂടുതൽ കരിയർ മുൻപിലുള്ള ഒരാളായിരിക്കണം ക്യാപ്റ്റനാകേണ്ടത്. ” മിച്ചൽ ജോൺസൺ കൂട്ടിച്ചേർത്തു.