Skip to content

ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

ഐസിസി ടി20 ലോകകപ്പിന് മുൻപായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും നിലവിലെ നമ്പർ വൺ ടി20 ടീമായ ഇന്ത്യയും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഈ മാസം 20 നാണ് ആരംഭിക്കുന്നത്. നിരവധി ആവേശകരമായ മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

5. രോഹിത് ശർമ്മ

നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയാണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയക്കെതിരെ ടി20 ഫോർമാറ്റിൽ 16 ഇന്നിങ്സിൽ നിന്നും 318 റൺസ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്.

4. ശിഖാർ ധവാൻ

ഇന്ത്യൻ ടി20 ടീമിൽ നിന്നും പുറത്തുപോയ ശിഖാർ ധവാനാണ് ഈ പട്ടികയിൽ നാലാമതുള്ളത്. എല്ലായ്പ്പോഴും ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ധവാൻ ടി20 ഫോർമാറ്റിൽ 13 ഇന്നിങ്സിൽ 347 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ സ്ട്രൈക്ക് റേറ്റിൽ അൽപ്പം പിന്നിലാണെങ്കിലും ഓസീസിനെതിരെ 140 ന് അടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ധവാൻ റൺസ് നേടിയിട്ടുള്ളത്.

3. ഗ്ലെൻ മാക്സ്‌വെൽ

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‌വെല്ലാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഈ ഫോർമാറ്റിൽ ഇന്ത്യയ്ക്കെതിരെ 15 ഇന്നിങ്സിൽ നിന്നും 146.50 സ്ട്രൈക്ക് റേറ്റിൽ 431 റൺസ് മാക്സി നേടിയിട്ടുണ്ട്. രണ്ട് ഫിഫ്റ്റിയ്ക്കൊപ്പം ഒരു തകർപ്പൻ സെഞ്ചുറിയുടെ മാക്സ്‌വെൽ ഇന്ത്യയ്ക്കെതിരെ നേടിയിട്ടുണ്ട്.

2. ആരോൺ ഫിഞ്ച്

ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ചാണ് ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റ്സ്മാൻ. ഇന്ത്യയ്ക്കെതിരെ 15 ഇന്നിങ്സിൽ നിന്നും 2 ഫിഫ്റ്റിയടക്കം 440 റൺസ് താരം നേടിയിട്ടുണ്ട്.

1. വിരാട് കോഹ്ലി

പ്രതീക്ഷിച്ച പോലെ കിങ് കോഹ്ലി തന്നെയാണ് ഈ പട്ടികയിലും ഒന്നാമൻ. ഓസ്ട്രേലിയൻ ബൗളർമാരെ ഏത് ഫോർമാറ്റിലും വെറുതെ വിടാത്ത കോഹ്ലി ഈ ഫോർമാറ്റിൽ മാത്രം 18 ഇന്നിങ്സിൽ നിന്നും 718 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടങ്ങളിൽ മാത്രമല്ല അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും കോഹ്ലി തന്നെയാണ്. 146.23 സ്ട്രൈക്ക് റേറ്റിൽ 59.83 ശരാശരിയിൽ 7 ഫിഫ്റ്റിയടക്കം 718 റൺസ് കോഹ്ലി ഓസീസിനെതിരെ അടിച്ചുകൂട്ടിയിട്ടുണ്ട്.