Skip to content

ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് ഗാംഗുലി, ജയ് ഷാ അടുത്ത ബിസിസിഐ പ്രസിഡൻ്റായേക്കും

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ചെയർമാനായ ഗ്രെഗ് ബാർക്ലേയുടെ കാലാവധി അവസാനിരിക്കെയാണ് പുതിയ ചെയർമാനാകുവാൻ ഗാംഗുലി കരുക്കൾ നീക്കുന്നത്.

സൗരവ് ഗാംഗുലി ഐസിസി ചെയർമാനാകുന്നതോടെ നിലവിലെ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ബിസിസിഐ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തേക്കും. പ്രമുഖ ഇന്ത്യൻ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇന്നലെ ബിസിസിഐയുടെ ഭരണഘടന ഭേദഗതി ചെയ്യുവാൻ സുപ്രീംകോടതി അനുവാദം നൽകിഹിരുന്നു. ഇതോടെ മൂന്ന് വർഷത്തേക്ക് കൂടെ ബിസിസിഐ നേതൃസ്ഥാനത്ത് തുടരുവാൻ ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും സാധിക്കും.

ബിർമിങ്ഹാമിൽ നടക്കുന്ന കോൺഫ്രൻസിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക. 51 % വോട്ട് കിട്ടിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും. സൗരവ് ഗാംഗുലിയെ പോലെയൊരു വ്യക്തിയ്‌ക്ക് ഈ വോട്ടുകൾ നേടിയെടുക്കുകയെന്നത് പ്രയാസമേറിയ കാര്യമല്ല എന്നത് കൊണ്ട് തന്നെ നവംബറിൽ ഐസിസി ഗാംഗുലി ഐസിസി ചെയർമാനായേക്കും. 16 മെമ്പർ ബോർഡിൽ 9 വോട്ടുകൾ മാത്രമാണ് മത്സരാർത്ഥിയ്‌ക്ക് വിജയിക്കാൻ വേണ്ടത്.

എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ, ജഗ്മോഹൻ ഡാമിയ, ശരദ് പവാർ തുടങ്ങിയവരാണ് ഇതിനുമുൻപ് ഐസിസി ചെയർമാന്മാർ ആയിട്ടുള്ള ഇന്ത്യയ്ക്കാർ.

ഗാംഗുലി ഐസിസി ചെയർമാൻ ആകുന്നതോടെ ജയ് ഷാ ബിസിസിഐ പ്രസിഡൻ്റ് സ്ഥാനവും അരുൺ ദുമാൽ സെക്രട്ടറി സ്ഥാനവും ഏറ്റെടുത്തേക്കും. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ തലവൻ കൂടിയാണ് ജയ് ഷാ. 16 സ്റ്റേറ്റ് അസോസിയേഷനുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.