Skip to content

കനത്ത സുരക്ഷ, 17 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ

പാകിസ്ഥാൻ പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പറന്നിറങ്ങി. നീണ്ട 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുന്നത്. കനത്ത സുരക്ഷയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ഇംഗ്ലണ്ട് താരങ്ങൾ പാകിസ്ഥാനിൽ എത്തിയിരിക്കുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും സുരക്ഷ ഉദ്യോഗസ്ഥർ കാവലുണ്ടാകും.

ഇതിന് മുൻപ് 2005 ലാണ് ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ കളിച്ചത്. പിന്നീട് സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാനിൽ കളിക്കുവാൻ ഇംഗ്ലണ്ട് ടീം തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം സുരക്ഷ ഭീഷണിയെ തുടർന്ന് ന്യൂസിലൻഡ് പിൻമാറിയതിനെ പുറകെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്നും പിന്മാറിയത് ആഗോളതലത്തിൽ പാകിസ്ഥാന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ വർഷം നടന്ന ഓസ്ട്രേലിയൻ ടീമിൻ്റെ പാകിസ്ഥാൻ പര്യടനം സുരക്ഷിതമായി പൂർത്തിയാക്കുവാൻ പാകിസ്ഥാന് സാധിച്ചു.

2009 ൽ ശ്രീലങ്കൻ ടീമിനെതിരെ ഉണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്നാണ് പാകിസ്ഥാന് തങ്ങളുടെ ഹോം മത്സരങ്ങളിൽ യു എ ഇയിലേക്ക് മാറ്റേണ്ടിവന്നത്.

7 ടി20 മത്സരങ്ങൾ ഈ പര്യടനത്തിൽ ഇംഗ്ലണ്ട് കളിക്കും. സെപ്റ്റംബർ 20 ന് കറാച്ചിയിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഒക്ടോബറിൽ അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബറിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം വീണ്ടും തിരിച്ചെത്തും.

പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം :

ജോസ് ബട്ട്‌ലർ (c), മൊയിൻ അലി (vc), ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, സാം കുറാൻ, ബെൻ ഡക്കറ്റ്, ലിയാം ഡോസൺ, റിച്ചാർഡ് ഗ്ലീസൺ, ടോം ഹെൽം, വിൽ ജാക്സ്, ഡേവിഡ് മലൻ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ഒല്ലി സ്റ്റോൺ, റീസ് ടോപ്ലി , ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ലൂക്ക് വുഡ്, മാർക്ക് വുഡ്