Skip to content

സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

ഏഷ്യ കപ്പ് പോരാട്ടത്തിൽ ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിന് പുറകെ നിലവിലെ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ. ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ മികച്ച വിജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കും പുറത്താകലുമായിരുന്നു, കഴിഞ്ഞ ടി20 ലോകകപ്പിലും പരിക്ക് ഇന്ത്യയ്ക്ക് വില്ലനായി എത്തിയിരുന്നു. ഇന്ത്യൻ ടീമിനെ നിരന്തരം അലട്ടുന്ന ഈ പ്രശ്നത്തിന് അധികം വൈകാതെ പരിഹാരം കാണേണ്ടതുണ്ടെന്ന് വീരേന്ദർ സെവാഗ് പറഞ്ഞു.

കളിക്കളത്തിൽ വെച്ചല്ല ഫീൽഡിന് പുറത്തുവെച്ച് താരങ്ങൾക്ക് സംഭവിക്കുന്ന ഈ പരിക്കുകൾ ആശങ്കാജനകമാണെന്ന് പറഞ്ഞ സെവാഗ് സച്ചിൻ ടെണ്ടുൽക്കറെ ഉദാഹരണം ചൂണ്ടികാട്ടുകയും ചെയ്തു.

” ക്രിക്കറ്റ് മൈതാനത്തിന് പുറത്തുവെച്ച് സംഭവിക്കുന്ന പരിക്കുകളാണ് ഇന്ത്യയുടെ പ്രശ്നം. അതിനെക്കുറിച്ച് ആരും തന്നെ സംസാരിക്കുന്നില്ല. ബൗൾ ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് പറ്റിയത്. മിക്ക കളിക്കാർക്കും ജിമ്മിൽ വെച്ചോ മത്സരത്തിന് പുറത്തോ വെച്ചാണ് പരിക്ക് പറ്റുന്നത്. കളിക്കളത്തിൽ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്ക് പറ്റുന്നത് നമ്മൾ കണ്ടില്ല. പക്ഷേ പിന്നീട് അദ്ദേഹം പരിക്ക് മൂലം പുറത്തായി. ഇതിനർത്ഥം കളിക്കളത്തിന് പുറത്തോ ജിമ്മിലോ നടക്കുന്ന കര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണ്. ” സെവാഗ് പറഞ്ഞു.

” കഴിവുകൾക്കാണ് പ്രാധാന്യം, ഇന്ത്യൻ ടീമിലുള്ളപ്പോൾ ഒരു പരമ്പര കളിക്കുമ്പോൾ ജിമ്മിന് കഴിവുകളോളം പ്രാധാന്യമില്ല. നിങ്ങൾക്ക് ഒരു മാസത്തെ ഇടവേള ഉണ്ടെങ്കിൽ ഫിറ്റ്നസ് പ്രാധാനമാണ്. ”

” ഞാനിത് പഠിച്ചത് സച്ചിനിൽ നിന്നാണ്. സച്ചിൻ ടീമിൽ വരുമ്പോഴെല്ലാം ജിമ്മിൽ ആറോ എട്ടോ കിലോയിൽ കൂടുതൽ ഭാരം ഉയർത്തുന്നത് ഞാൻ കണ്ടിട്ടില്ല. ഇത്രയും കുറവ് ഭാരം ഉയർത്തുന്നതിൻ്റെ പ്രയോജനം എന്താണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു ‘ ഇതെൻ്റെ അറ്റകുറ്റപണി മാത്രമാണ്, എനിക്ക് മത്സരം കളിക്കേണ്ടതുണ്ട്. ഞാനിത് ചെയ്യുന്നത് താളം നിലനിർത്താൻ വേണ്ടിയാണ്, എൻ്റെ ശക്തി നഷ്ടപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.