Skip to content

സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, ലോകകപ്പ് ടീമിലിടം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായതിൻ്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ സാധ്യത ലിസ്റ്റിൽ പോലുമില്ലായിരുന്ന ദിനേശ് കാർത്തിക് ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.

ഐ പി എല്ലിനിടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തണമെന്ന തൻ്റെ സ്വപ്നത്തെ കുറിച്ച് ദിനേശ് കാർത്തിക് തുറന്നുപറഞ്ഞിരുന്നു. ലോകകപ്പിൽ കളിക്കണമെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടികൊടുക്കണമെന്നും ദിനേശ് അന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ലോകകപ്പ് ടീമിൽ സ്ഥാനം നേടിയതിന് പുറകെ തൻ്റെ സന്തോഷം ഡി കെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ദിനേശ് കാർത്തിക് 16 മത്സരങ്ങളിൽ നിന്നും 55.00 ശരാശരിയിൽ 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 330 റൺസ് നേടിയിരുന്നു. ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ശേഷം ചില മികച്ച പ്രകടനങ്ങൾ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചിരുന്നു. ഏഷ്യ കപ്പിൽ ദിനേശ് കാർത്തിക് ഉണ്ടായിരുന്നുവെങ്കിലും ടൂർണമെൻ്റിൽ ഒരേയൊരു പന്ത് മാത്രമാണ് താരം നേരിട്ടത്. ആദ്യ മത്സരത്തിന് ശേഷം ദിനേശ് കാർത്തിക്കിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കുകയും പന്തിന് അവസരം നൽകുകയും ചെയ്തു. ഏഷ്യ കപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ലോകകപ്പിലും ഈ പിഴവ് ഇന്ത്യൻ ടീം മാനേജ്മെൻ്റ് ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കുമുണ്ടായിരുന്നുവെന്നത് രസകരമായ കാര്യമാണ്. ദിനേശ് കാർത്തിക്കിനൊപ്പം നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും 2007 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു.