ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്ക് മെസേജ് അയച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാത്രമാണെന്ന് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇക്കാര്യം കോഹ്ലി വെളിപ്പെടുത്തിയത്.

ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലെത്തിച്ച ക്യാപ്റ്റനായിരുന്ന കോഹ്ലി കഴിഞ്ഞ വർഷം സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ പരാജയപെട്ടതിനെ തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് പിന്നാലെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ബിസിസിഐ കോഹ്ലിയെ മാറ്റിയിരുന്നു.

” ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്കൊപ്പം കളിച്ചവരിൽ ഒരാളിൽ നിന്നും മാത്രമാണ് എനിക്ക് മെസേജ് ലഭിച്ചത്. അത് എം എസ് ധോണിയിൽ നിന്നായിരുന്നു. ഒരുപാട് ആളുകളുടെ കയ്യിൽ എൻ്റെ നമ്പറുണ്ട്, അവർ നിർദ്ദേശങ്ങൾ തരുന്നു, ടെലിവിഷനിൽ എൻ്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ എൻ്റെ നമ്പർ ഉണ്ടായിരുന്നിട്ടും ധോണി ഒഴികെ മറ്റാരും തന്നെ എനിക്ക് മെസേജ് അയച്ചില്ല. ” പ്രസ് കോൺഫ്രൻസിൽ കോഹ്ലി പറഞ്ഞു.

” ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, എനിക്ക് ആരുടെയെങ്കിലും കളിയെ കുറിച്ച് നിർദ്ദേശം നൽകുവാനുണ്ടെങ്കിൽ ഞാൻ അവരെ വ്യക്തിപരമായി സമീപിച്ചുകൊണ്ടാണ് പറയുക. ലോകത്തിന് മുൻപിൽ ഇരുന്നുകൊണ്ട് എനിക്ക് നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ അതെനിക്ക് വളരെയധികം വിലമതിക്കില്ല. നിങ്ങൾക്ക് എനിക്ക് എന്തെങ്കിലും നിർദേശങ്ങൾ നൽകാനുണ്ടെങ്കിൽ എന്നോട് ഒറ്റയ്ക്ക് സംസാരിക്കാം. ഞാൻ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്ന് അപ്പോൾ എനിക്ക് മനസ്സിലാക്കാം. ഇതൊന്നും എന്നെ ബാധിക്കുകയില്ലെന്ന് ഞാൻ പറയുന്നില്ല. ഞാൻ ഇതുവരെ ക്രിക്കറ്റ് കളിച്ചത് സത്യസന്ധമായാണ്, സത്യസന്ധതയോടെ മാത്രമേ അവസാനം വരെ ഞാൻ കളിക്കൂ. ” കോഹ്ലി കൂട്ടിച്ചേർത്തു.