Skip to content

അനായാസ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ നിയന്ത്രണം വിട്ട് ആക്രോശിച്ച് രോഹിത് – വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോറിൽ മത്സരത്തിൽ അനായാസം കൈയിൽ ഒതുക്കാവുന്ന ക്യാച്ച് യുവതാരം അർഷ്ദീപ് സിങ് കൈവിട്ടതിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ കോപാകുലനാകുന്നത് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ട് വൈറലായിരിക്കുകയാണ്. കളിക്കളത്തിൽ അധികവും ശാന്തമായി കാണപ്പെടാറുള്ള രോഹിത്, മത്സരത്തിന്റെ സമ്മർദ്ദത്തിൽ നിയന്ത്രണംവിട്ട് അമർഷം പ്രകടിപ്പിക്കുകയായിരുന്നു.

ബിഷ്നോയി എറിഞ്ഞ 18ആം ഓവറിലെ മൂന്നാം പന്തിലാണ് മത്സരത്തിൽന്റെ ഗതി തന്നെ മാറ്റി സാധ്യതയുണ്ടായിരുന്ന ക്യാച്ച് ലഭിച്ചത്. സ്ലോഗ് സ്വീപിന് ശ്രമിച്ച ആസിഫ് അലിയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് ഉയരുകയായിരുന്നു. ഫീൽഡ് നിന്നിടത്തേക്ക് തന്നെ അനായാസം പിടിക്കാവുന്ന ക്യാച്ചാണ് കൈയിൽ നിന്ന് വഴുതി പോയത്.

അന്നേരം പൂജ്യം റൺസിൽ ഉണ്ടായിരുന്ന ആസിഫ് അലി കിട്ടിയ അവസരം മുതലാക്കി തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിനനെതിരെ 3 പന്തിൽ 11 റൺസ് അടിച്ചു കൂട്ടിയിരുന്നു. 16 പന്തിൽ 31 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു യുവ പേസറുടെ വൻ പിഴവ്. ആ ക്യാച്ച് എത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് രോഹിത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

മത്സരത്തിൽ പാകിസ്ഥാൻ 1 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റിന്റെ ജയമാണ് നേടിയത്. 51 പന്തിൽ 71 റൺസ് നേടിയ വിക്കറ്റ്-കീപ്പർ ബാറ്റർ റിസ്‌വാനാണ് പാകിസ്ഥാൻ വിജയത്തിൽ ചുക്കാൻ പിടിച്ചത്. ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിൽ രണ്ടക്കം കാണാതെ പുറത്തായ ക്യാപ്റ്റൻ ബാബർ അസം ഇത്തവണയും നിരാശപ്പെടുത്തി. 14 റൺസ് നേടി ബിഷ്നോയിയുടെ പന്തിൽ രോഹിതിന് ക്യാച്ച് നല്കിയാണ് പുറത്തായത്. 20 പന്തിൽ 42 റൺസ് നേടിയ നവാസസും തന്റെ റോൾ ഭംഗിയാക്കി.

https://twitter.com/Insidercricket1/status/1566490674845069312?t=Qm-A88ec_QBa5gedUmU_yA&s=19
https://twitter.com/aslamyaxin/status/1566492171120812033?t=9EWxuL0rI66uL7-ef5_n5g&s=19

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് കെ എൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമ്മയും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 54 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 20 പന്തിൽ 28 റൺസും രോഹിത് ശർമ്മ 16 പന്തിൽ 28 റൺസും നേടി പുറത്തായി. സൂര്യകുമാർ യാദവ് 13 റൺസും ഹാർദിക് പാണ്ഡ്യ പൂജ്യത്തിനും റിഷഭ് പന്ത് 14 റൺസും നേടി പുറത്തായപ്പോൾ 44 പന്തിൽ 60 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് കോഹ്ലി നേടിയത്.