Skip to content

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുന്നത്. ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ്റെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണിത്.

51 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 71 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 20 പന്തിൽ 42 റൺസ് നേടിയ മൊഹമ്മദ് നവാസ് എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ മത്സരത്തിൽ വിജയം കുറിച്ചത്. ആസിഫ് അലി 8 പന്തിൽ 16 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് കെ എൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമ്മയും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 54 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 20 പന്തിൽ 28 റൺസും രോഹിത് ശർമ്മ 16 പന്തിൽ 28 റൺസും നേടി പുറത്തായി. സൂര്യകുമാർ യാദവ് 13 റൺസും ഹാർദിക് പാണ്ഡ്യ പൂജ്യത്തിനും റിഷഭ് പന്ത് 14 റൺസും നേടി പുറത്തായപ്പോൾ 44 പന്തിൽ 60 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് കോഹ്ലി നേടിയത്.

പാകിസ്ഥാന് വേണ്ടി ഷദാബ് ഖാൻ നാലോവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മൊഹമ്മദ് നവാസ് 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി മികവ് പുലർത്തി. സെപ്റ്റംബർ ആറിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യുയുടെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.